സാമൂഹ്യ സുരക്ഷാ പെൻഷൻ; ഫെബ്രുവരി 28നകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നുണ്ടോ നിങ്ങൾ ? എങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയോ ? ഇല്ലെങ്കിൽ ഉടൻ സമർപ്പിച്ചോളൂ. ഫെബ്രുവരി 28 നകം സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ മാർച്ച് മാസം മുതൽ പെൻഷൻ ലഭിക്കില്ല.

ആരെല്ലാം സമർപ്പിക്കണം ?

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. കർഷക തൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, ഡിസബിലിറ്റി പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

എവിടെ നൽകണം ?

പെൻഷൻ അനുവദിച്ച തദ്ദേശ സ്ഥാപനത്തിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഫെബ്രുവരി 28നുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കത്തവരെ പെൻഷൻ ഗുണഭോക്‌തൃ പട്ടികയിൽ നിന്ന് നീക്കം ചെയ്യും. ഇത്തരക്കാർക്ക് 2023 മാർച്ച് മുതൽ പെൻഷൻ അനുവദിക്കില്ല. എങ്കിലും പിന്നീടു സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് പെൻഷൻ പുന:സ്ഥാപിച്ചു നൽകും. എന്നാൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് മൂലം തടയപ്പെട്ട കാലത്തെ പെൻഷൻ കൂടിശ്ശികക്ക് ഗുണഭോക്താവിന് അർഹത ഉണ്ടാവില്ല.

വരുമാനപരിധി കൂടിയാൽ

സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനുള്ള വരുമാന പരിധി ഒരു ലക്ഷം രൂപയാണ്. അതിൽ കൂടുതൽ വരുമാനമുള്ളവരെ പെൻഷൻ പട്ടികയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കും. പൊതുജന സേവന കേന്ദ്രങ്ങളിലൂടെയാണ് വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്. 2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ടവർ മാത്രമേ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുള്ളൂ. അതിന് ശേഷമുള്ള ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.