സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്.

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക്. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമര്‍പ്പണം.

തത്ത്വചിന്തയുടെ ചരിത്രത്തിലെ അതികായനായ കാള്‍ പോപ്പര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡന്റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍ , ലോകപ്രശസ്ത സാമ്ബത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളത്.

2020ല്‍ നോബല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ലഭിച്ചത്.പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ പറഞ്ഞു.

കെ.കെ. ശൈലജ ടീച്ചറിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. 2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കെ.കെ. ശൈലജ ടീച്ചറെ ആദരിച്ചിരുന്നു. ‘റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി’ എന്നാണ് ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത്.

ബ്രിട്ടനിലെ പ്രോസ്‌പെക്‌ട് മാഗസിന്‍ 2020ലെ ലോകത്തെ മികച്ച ആശയങ്ങള്‍ സംഭാവന ചെയ്തവരുടെ പട്ടികയില്‍ കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തിരുന്നു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കൊവിഡ് കാലത്തെ മികച്ച ആശയങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്.