മൂന്നര മണിക്കൂറിൽ 15 ലക്ഷം; ശ്യംരാജിനായി ഒന്നിച്ച് നാട്
അരൂര്‍: വൃക്കകൾ തകരാറിലായ യുവാവിനെ സഹായിക്കാൻ ഒന്നിച്ച് നാട്. വെറും മൂന്നര മണിക്കൂറിനുള്ളിൽ 15,47,241 ലക്ഷം രൂപയാണ് സമാഹരിച്ചത്. കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡായ തുറവൂർ നോർത്ത് വാരണംചിറയിൽ ശ്യാംരാജിയുടെ (32) ജീവൻ രക്ഷിക്കാൻ ആണ് നാട് കൈകോർത്തത്. രാവിലെ 7.30 മുതൽ 11 വരെ ആളുകൾ കൂട്ടമായി നടത്തിയ സമാഹരണത്തിലാണ് തുക കണ്ടെത്തിയത്.
ബാങ്ക് അക്കൗണ്ടിൽ ലഭിച്ചതടക്കം 17,17,698 രൂപയാണ് ഇതുവരെ സഹായ നിധിയിലേക്ക് ലഭിച്ചത്. വൃക്കകൾ തകരാറിലായതിനെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയാണ് ശ്യാംരാജിന്‍റെ ജീവൻ നിലനിര്‍ത്തുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുക മാത്രമാണ് ഏക പോംവഴി. ഇതിന് ഏകദേശം 30 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്യാംരാജിന് ഭാര്യയും ഒരു വയസ്സുള്ള മകളും വൃദ്ധരും രോഗികളുമായ മാതാപിതാക്കളുമുണ്ട്. എറണാകുളത്തെ കേബിൾ നെറ്റ്വർക്ക് കമ്പനിയിലെ ജീവനക്കാരനായ ശ്യാംരാജിന് അനാരോഗ്യത്തെ തുടർന്ന് ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്‍റ് പി വത്സല, ജനറൽ കൺവീനർ കെ.വി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ നിധി രൂപീകരിച്ചത്.