റിലീസിന് മുന്‍പേ ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ യൂട്യൂബില്‍; കേസെടുത്തു
ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തുന്ന ‘1744 വൈറ്റ് ആൾട്ടോ’ പ്രദർശനത്തിനെത്തും മുമ്പ് റിവ്യൂ പുറത്ത് വന്നു. കേരളത്തിലുടനീളം 170 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ പ്രദർശനം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് യൂട്യൂബിൽ അവലോകനം ചെയ്തിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ സൈബർ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് വീഡിയോ പുറത്തുവിട്ടയാൾക്കെതിരെ കേസെടുത്തു. നിർമ്മാതാക്കൾ ഫെഫ്കയ്ക്കും പരാതി നൽകിയിട്ടുണ്ട്.
‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിനുശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാളചലച്ചിത്രമാണ് ‘1744 വൈറ്റ് ആൾട്ടോ’. നവംബർ 18ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറിയ ബഡ്ജറ്റിൽ റിലീസ് ചെയ്ത സിനിമയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ നിരൂപണം നടത്തിയതെന്നാണ് നിർമ്മാതാക്കളുടെ പരാതി.
‘1744 മൂവി റിവ്യൂ’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നവംബർ 18ന് രാവിലെ 10 മണിക്ക് മുമ്പ് ‘ഗാഡി മാഫിയ’ എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. 300 സബ്സ്ക്രൈബർമാരുള്ള ചാനലിന് പിന്നിൽ ആരാണെന്ന് ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ താൻ സിനിമ കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് താൻ അത് അവലോകനം ചെയ്യുന്നതെന്നും അവരിലൊരാൾ വീഡിയോയിൽ പറയുന്നു.