51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും.

പനാജി: 51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് കലാ അക്കാദമയിലാണ് ഉദ്ഘാടനം. വിശ്വവിഖ്യാത സംവിധായകൻ സത്യജിത്ത് റേയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമർപ്പിക്കും.

ഇത്തവണ ഹൈബ്രിഡ് രീതിയിലാണ് മേള സംഘടിപ്പിക്കുന്നത്. 2500 ഡെലിഗേറ്റുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് ഓൺലൈനായും സിനിമ കാണാം.

ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടന ചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ സമാപന ചിത്രം

മത്സരവിഭാഗത്തിലുള്ള മികച്ച ചിത്രത്തിന് സുവർണമയൂര പുരസ്കാരം ലഭിക്കും. 40 ലക്ഷവും പ്രശസ്തിപത്രവും ഇതോടൊപ്പം നൽകും. മികച്ച സംവിധായകന് രജതമയൂര പുരസ്കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പനോരമ വിഭാഗത്തിലുള്ളത്.

മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ഫഹദ്- നസ്രിയ താരജോഡികൾ ഒന്നിച്ച അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എൻറെ മാലാഖ’, സിദ്ദിഖ് പരവൂരിൻറെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിലേക്ക് മലയാളത്തിൽനിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകൾ. ശരൺ വേണുഗോപാലിൻറെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ഇടംപിടിച്ച ചിത്രം.

ജയറാം കുചേലനായി വേഷമിടുന്ന സംസ്കൃത സിനിമ നമോയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരൻറെ തമിഴ് ചിത്രം ‘അസുരൻ’, അന്തരിച്ച ബോളിവുഡ് ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്സി പന്നു, ഭൂമി പഡ്നേക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിരനന്ദാനി ചിത്രം സാൻഡ് കി ആം​ഗ്, എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ചിത്രങ്ങൾ.