63 കാരി സക്കീനയുടെ ലക്ഷ്യം ; ബിഎ മലയാളം പഠിച്ച് ഡിഗ്രിയെടുക്കണം

കളമശേരി: ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതുമ്പോൾ മഞ്ഞുമ്മൽ പുറംചാൽ റോഡിൽ സക്കീന മൻസിലിൽ എ.എസ്.സക്കീനയ്ക്ക്(63) വ്യക്തമായ ലക്ഷ്യമുണ്ട്. ബി.എ മലയാളം പഠിച്ച് ബിരുദം നേടുക. ഇടപ്പള്ളി സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ച സക്കീന അവിടെ പഠനം ഉപേക്ഷിച്ചു. വിവാഹം കഴിഞ്ഞു, നാലു കുട്ടികളുടെ അമ്മയുമായി. മക്കളെല്ലാം വിവാഹിതരായി. അപ്പോഴാണ് സക്കീന ഏറെ സ്നേഹിച്ചിരുന്ന പഠനത്തിലേക്ക് വീണ്ടും ഹരിശ്രീ കുറിച്ചത്.

തുല്യതാ പരീക്ഷയിലൂടെ എട്ടാം ക്ലാസും, പത്താം ക്ലാസും പാസായി. ഇതിനിടയിൽ കഥകൾ എഴുതി. അയ്യപ്പനെയും കൃഷ്ണനെയും കുറിച്ച് ഭക്തിഗാനങ്ങൾ എഴുതി -12 ഗാനങ്ങൾ. 5 ആൽബങ്ങൾ പുറത്തിറങ്ങി. ‘ദൈവത്തിന്‍റെ ജാതി’ എന്ന പേരിൽ ഒരു ഡോക്യുമെന്‍ററിയും ചെയ്തു. താൻ എഴുതിയ കഥകൾ ഒരു പുസ്തകം ആക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അവയിൽ ചിലത് പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി നശിച്ചു. ശേഷിക്കുന്നവ പുസ്തകം ആക്കണമെന്ന ആഗ്രഹമുണ്ട്.

ഭർത്താവും മക്കളും സക്കീനക്ക് പഠിക്കാൻ നല്ല പ്രോത്സാഹനമാണ് നൽകുന്നത്. പാതാളം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഴ്ചയിൽ ഒരു ദിവസത്തെ ക്ലാസിലെത്തി പഠിച്ചത് 300 രൂപ യാത്രാക്കൂലി നൽകിയായിരുന്നെന്ന് സക്കീന പറഞ്ഞു.