സ്വപ്നയാത്രക്ക് നിറം പകർന്നതിന്റെ സന്തോഷത്തിൽ 70 സുഹൃത്തുക്കൾ
തിരൂർ: ആ എഴുപതു പേരുടെ വർണ്ണാഭമായ സ്വപ്നയാത്ര സഫലമാവുകയാണ്. ഭിന്നശേഷിക്കാർക്കായി തിരൂരിൽ പ്രവർത്തിക്കുന്ന സയന്‍റിഫിക് കെയർ കിൻഷിപ്പിലെ എഴുപതോളം സുഹൃത്തുക്കളാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ മൂന്ന് ബസുകളിലായി നാടു കാണാൻ പുറപ്പെട്ടത്. രാവിലത്തെ നെയ്യാർ ഡാം സന്ദർശനത്തിന് ശേഷം കന്യാകുമാരി വിവേകാനന്ദപ്പാറ, വേളി, ശംഖുമുഖം,നിയമസഭ എന്നിവിടങ്ങളിലേക്കാണ് സംഘത്തിന്റെ യാത്ര.
ഗോപിനാഥ് മുതുകാട് തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിൽ ഇവർക്കായി പ്രത്യേക ഷോയും ഒരുക്കിയിട്ടുണ്ട്. 16 വയസ്സ് മുതൽ 65 വയസ്സുവരെയുള്ളവരാണ് സംഘത്തിലുള്ളത്. ഇത് വരെ കടൽ കാണാത്തവരും, ഒറ്റക്ക് യാത്ര ചെയ്യാത്തവരും,ഒരുമണിക്കൂർ കൂടുതൽ യാത്ര ചെയ്യാത്തവരുമെല്ലാം കൂട്ടത്തിലുണ്ട്.
എന്നും പരിചരണത്തിനെത്തുന്നവർക്ക് പകരമായി കിൻഷിപ് ഭാരവാഹികളായ നാസർ കുറ്റൂർ, അബ്ദുൾ ഫസൽ, ദിലീപ് അമ്പായം, സബ്ക അമീർ, സി.ഷബീർ അലി എന്നിവരും, സ്നേഹതീരം സന്നദ്ധപ്രവർത്തകരുമാണ് ഇവരുടെ കൂടെയുള്ളത്. ഇന്നലെ രാത്രി തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.