വീട് വിട്ടിറങ്ങിയ ഏഴാം ക്ലാസുകാരന് സമ്മാനം; സൈക്കിൾ വാങ്ങി നൽകി പൊലീസ്
പോത്തുകല്ല്: അൽ-അമീൻ ഇനി സൈക്കിളിൽ സ്കൂളിൽ പോകാം. സൈക്കിൾ ഇല്ലാത്തതിന്‍റെ വിഷമം പരിഹരിച്ചത് പൊലീസും. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അൽ അമീനെ (12) വെളുമ്പിയംപാടത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. മദ്രസയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടി വീടുവിട്ടിറങ്ങിയത്. എന്നാൽ, കുട്ടിയെ കാണാതായതോടെ നാട്ടുകാരും പൊലീസും അന്വേഷണം ആരംഭിച്ചു.
കുട്ടിയെ പാതിരിപ്പാടത്ത് നിന്ന് കണ്ടെത്തി. സ്റ്റേഷനിൽ എത്തിച്ച അൽ-അമീന് പൊലീസ് മധുരപലഹാരങ്ങൾ നൽകി സൗഹൃദപരമായി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, തന്‍റെ എല്ലാ സുഹൃത്തുക്കൾക്കും സൈക്കിൾ ഉണ്ടെന്നും തനിക്കില്ലെന്നും കുട്ടി പറഞ്ഞു. ഒരു പഴയ സൈക്കിൾ ഉണ്ടായിരുന്നു എന്നും. അതിനി ചവിട്ടാൻ കഴിയില്ലെന്നും പുതിയത് വാങ്ങാൻ വീട്ടിൽ ബുദ്ധിമുട്ടാണെന്നും അൽ അമീൻ പറഞ്ഞു.
പൊലീസ് ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസന്‍റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ നിശ്ചിത തുകയെടുത്ത് പുതിയ സൈക്കിൾ വാങ്ങി അൽ അമീനെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.