ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ്: വിശദീകരണമാവശ്യപ്പെട്ട് ഇ.ഡി.ക്ക് കേരള പോലീസിന്റെ കത്ത്
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ബിനീഷ് കോടിയേരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഡി.ക്ക് കേരള പോലീസ് ഇമെയിൽ അയച്ചു. പോലീസ് നേരിട്ടാവശ്യപ്പെട്ടിട്ടും വിശദീകരണം നൽകാൻ ഇ.ഡി. തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മെയിൽ അയച്ചിരിക്കുന്നത്.
ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന ഇ.ഡിയുടെ റെയ്ഡിൽ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും അമ്മയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ചു എന്ന പരാതിയാണ് പൂജപ്പുര പോലീസിന് ലഭിച്ചിരിക്കുന്നത്.
പരാതി ലഭിച്ച പോലീസ് നോട്ടീസ് മുഖാന്തരം പരാതിയെ കുറിച്ച് ഇ.ഡി.യെ അറിയിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു ഇത്. റെയ്ഡിന് ശേഷം പുറത്തേക്കിറങ്ങിയ ഇ.ഡി.ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സി.ഐ. തടഞ്ഞു. വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇ.ഡി.ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല.
ഇതേ തുടർന്നാണ് പൂജപ്പുര പോലീസ് ഇപ്പോൾ മെയിൽ അയച്ചിരിക്കുന്നത്. പരിശോധനയ്ക്കായി വന്ന ഉദ്യോഗസ്ഥരുടെ മുഴുവൻ വിശദാംശങ്ങളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം തന്നെ അവർ വന്ന മൊഴിനൽകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.