നിയമസഭ തിരഞ്ഞെടുപ്പിനായി ‘വാർ റൂം’ തുറന്ന് കോൺഗ്രസ്
കർണാടക: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ അധികാരം പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും കോൺഗ്രസ് ആവിഷ്കരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ, തിരഞ്ഞെടുപ്പിനായി നേതൃത്വം ഒരു പ്രത്യേക വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് പ്രത്യേക നേതാക്കളേയും നിയോഗിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കൊനുഗൊലുവിനാണ് വാർ റൂമിന്റെ മേൽനോട്ടച്ചുമതല. ശശികാന്ത് സെന്തിൽ അധ്യക്ഷനായി. വാർ റൂമിന്റെ വൈസ് പ്രസിഡന്റാണ് സൂരജ് ഹെഗ്ഡെ.
കർണാടക കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ 2019 സെപ്റ്റംബറിൽ ശശികാന്ത് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനം രാജിവയ്ക്കുകയും ബിജെപിയെ നിരന്തരം ആക്രമിക്കുകയും ചെയ്തിരുന്നു.
അതേസമയം, വാർ റൂമിന് പുറമെ വാർത്താവിനിമയ വിഭാഗവും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ മീഡിയ ടീമിന്റെ ചുമതല പ്രിയങ്ക് ഖാർഗെയ്ക്ക് നൽകിയിട്ടുണ്ട്. കവിത റെഡ്ഡി, നാഗലക്ഷ്മി, ഐശ്വര്യ മഹാദേവ് എന്നിവരാണ് വകുപ്പിലെ മറ്റ് അംഗങ്ങൾ.