രാജയുടെ ഓർമകളിൽ ഇന്ന് ദേശീയ കടുവാദിനം; ഏറ്റവും പ്രായം ചെന്ന കടുവ
ഇന്ന് ജൂലൈ 29. ദേശീയ കടുവാ ദിനം . ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന്‍റെ സന്ദേശം നൽകുന്ന ഈ ദിനം കടന്നുപോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലൂടെയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന കടുവകളിൽ ഒന്നായ രാജ രണ്ടാഴ്ച മുമ്പാണ് ഓർമ്മയായത്. കടുവയുടെ മരണം ദേശീയ പ്രാധാന്യമുള്ള വാർത്തയായി മാധ്യമങ്ങളിൽ വന്നിരുന്നു. രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് അനുശോചന സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ ഒഴുകിയെത്തി.
ബംഗാളിന്‍റെ വടക്കൻ മേഖലയിലെ അലിപുർദാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഖൈർബാരി സംരക്ഷിത വനത്തിലാണ് രാജ താമസിച്ചിരുന്നത്. 25 വയസ്സും 10 മാസവും പ്രായമുള്ളപ്പോഴാണ് മരണം. സുന്ദർബനിൽ ജനിച്ച ബംഗാൾ കടുവയായിരുന്നു രാജ. 2008ൽ ബംഗാളിലെ മാൾട്ട നദിയിൽ നീന്തുന്നതിനിടെ രാജയെ മുതല ആക്രമിച്ചിരുന്നു. ആക്രമണത്തിൽ രാജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു മുതല തന്‍റെ വലതുകാലിന്‍റെ നല്ലൊരു ഭാഗം കടിച്ചതിനാൽ രാജയ്ക്ക് കഠിനമായ വേദനയും നടക്കാൻ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അങ്ങനെ കഷ്ടപ്പെടുന്നതിനിടെയാണ് അധികാരികൾ രാജയെ കണ്ടെത്തി ഖൈർബാരിയിൽ എത്തിച്ചത്. അവിടെ, മൃഗഡോക്ടർമാർ രാജയുടെ വലതു കാൽ മുറിച്ചുമാറ്റി. മുറിവിന്‍റെയും പഴുപ്പിന്‍റെയും വ്യാപനം തടയാനുള്ള ഒരേയൊരു മാർഗം അതായിരുന്നു. അതിനുശേഷം, ഒരു കൃത്രിമ കാൽ ഇംപ്ലാന്‍റ് ചെയ്തു. അവനെ ഇനി കാട്ടിലേക്ക് പോകാൻ അനുവദിക്കില്ലെന്നും ഖൈർബാരിയിൽ താമസിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും ഡോക്ടർമാർ തീരുമാനിച്ചു. കഴിഞ്ഞ 14 വർഷമായി ഖൈർബാരിയിലാണ് രാജ താമസിച്ചിരുന്നത്. രാജ ഖൈർബാരിയിലെ അധികാരികളോട് വലിയ അനുസരണയും സ്നേഹവും കാത്തുസൂക്ഷിച്ചിരുന്ന്. അവരുടെ വിളികൾക്ക് അവൻ പ്രതികരിച്ചിരുന്നത്രേ.