കുത്തൊഴുക്കില്‍പ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാര്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിലെ കല്ലടയാറ്റിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ വയോധികയെ ജീവിതത്തിലേക്ക് തിരിച്ച് പിടിച്ച് നാട്ടുകാർ. കുത്തൊഴുക്കിൽപ്പെട്ട കുളത്തൂപ്പുഴ സ്വദേശി 65 കാരിയായ സതിയുടെ ജീവനാണ് ഒരു നിമിഷം പോലും പാഴാക്കാതെ വടവും കയറും ഉപയോഗിച്ച് നാട്ടുകാർ രക്ഷിച്ചത്.

ഏറെക്കാലമായി ബാംഗ്ലൂരിൽ താമസിച്ചിരുന്ന സതി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സഹോദരിയോടൊപ്പം കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ വസ്ത്രങ്ങൾ ഒഴുക്കിൽ പെട്ടപ്പോൾ അത് പിടിക്കാൻ മുന്നോട്ടാഞ്ഞപ്പോഴാണ് സതി ഒഴുക്കിൽ പെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനുമുമ്പ് അവർ 300 മീറ്ററോളം മുന്നോട്ട് പോയിരുന്നു. കൂടെയുണ്ടായിരുന്ന സതിയുടെ സഹോദരി ഭയന്ന് ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ആരോ അപകടത്തിൽപ്പെട്ടെന്ന് മനസിലാക്കിയ നാട്ടുകാർ കാട്ടിലൂടെ കയറി പെട്ടെന്ന് തീരത്തേക്ക് എത്താൻ ശ്രമിച്ചു. കാട്ടിലൂടെ വേഗത്തിൽ വന്നതിനാൽ പലരുടെയും ശരീരം മുറിഞ്ഞു. എങ്കിലും, ആർക്കോ തങ്ങളുടെ സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അവർ സതിയുടെ സഹോദരിയുടെ അടുത്തേക്ക് ഓടിയെത്തി.

ഇതിനോടകം കമ്പില്‍ പിടിത്തം കിട്ടിയ സതിയെ നാട്ടുകാര്‍ കയറുപയോഗിച്ച് രക്ഷിക്കാനാണ് ശ്രമിച്ചത്. അവിടെയുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരുടെ പക്കലുണ്ടായിരുന്ന കയര്‍ സംഘടിപ്പിച്ച് നാട്ടുകാര്‍ സതിയെ വലിച്ചെടുക്കുകയായിരുന്നു. നാട്ടുകാരായ ബിജു, ശംഭു, ശിവ, സുരേഷ് മുതലായവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇവരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.