‘നിരോധിത ഫോണുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു’
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് അറസ്റ്റിലായ യു എ ഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് സ്വപ്നയുടെ ആരോപണം. കോൺസുൽ ജനറലിന്‍റെ അഭ്യർത്ഥന പ്രകാരം ശിവശങ്കർ മുഖേനയാണ് യു.എ.ഇ പൗരനെ രക്ഷപ്പെടുത്തിയതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
ഭീകരവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണാണ് തുറൈയ്യ എന്നും ഇത് ഇന്ത്യയിൽ നിരോധിച്ചതാണെന്നും സ്വപ്ന പറഞ്ഞു. കൊറിയൻ നിർമിത തുറൈയ്യ ഫോൺ കൈവശം വച്ചതിനാണ് യുഎഇ പൗരൻ അറസ്റ്റിലായത്. 2017 ജൂലൈ നാലിന് ഒമാൻ എയർവേയ്സ് വിമാനത്തിൽ കയറാനിരിക്കെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ സി.ഐ.എസ്.എഫ് പിടികൂടിയത്. ഇയാളെ പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറി,” സ്വപ്ന പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ കോൺസുലേറ്റിന് സന്ദേശം ലഭിച്ചിരുന്നു. കോൺസുൽ ജനറൽ ഉടൻ തന്നെ ബന്ധപ്പെടുകയും മുഖ്യമന്ത്രിയെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ശിവശങ്കറുമായി ബന്ധപ്പെട്ടു. കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ച് അൽപസമയത്തിനകം വിളിക്കാമെന്ന് പറഞ്ഞാണ് ശിവശങ്കർ ഫോൺ കട്ട് ചെയ്തത്. പത്തു മിനിറ്റിനുള്ളിൽ ഞാൻ തിരിച്ചു വിളിച്ചു. പബ്ലിക് റിലേഷൻസ് ഓഫീസറായിരുന്ന ഗോപാലകൃഷ്ണൻ വാര്യരെ ഉടൻ അവിടേക്ക് അയയ്ക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് പറഞ്ഞു. അതനുസരിച്ചാണ് അദ്ദേഹത്തെ അവിടേക്ക് അയച്ചത്,” സ്വപ്ന സുരേഷ് പറഞ്ഞു.