ഇന്നലെ കിട്ടിയത് സസ്പെൻഷൻ; ഇന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
തിരുവനന്തപുരം: മന്ത്രി പി രാജീവിന്റെ ഔദ്യോഗിക വാഹനത്തിന്റെ റൂട്ട് മാറിയതിന്റെ പേരിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്.ഐ എസ്.എസ് സാബു രാജന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. പൊലീസ് ആസ്ഥാനത്ത് നിന്ന് നേരത്തെ നൽകിയ പട്ടിക പ്രകാരമാണ് ആഭ്യന്തര വകുപ്പ് ഇന്ന് ഉത്തരവിറക്കിയത്. എസ്.ഐ എസ്.എസ്.സാബുരാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ജി.സുനിൽ എന്നിവരെയാണ് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സിറ്റി പൊലീസ് കമ്മീഷണർ ഇന്നലെ സസ്പെൻഡ് ചെയ്തത്.
നാല് മാസത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് സാബു രാജനെ സസ്പെൻഡ് ചെയ്തത്. നടപടിക്കെതിരെ സേനയിൽ വ്യാപക പ്രതിഷേധമുണ്ട്. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ മന്ത്രിയുടെ ഗണ്മാൻ പൊലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് റൂട്ട് മാറിയ കാര്യം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോയ മന്ത്രിയുടെ വാഹനത്തിൻ്റെ റൂട്ടിൽ വ്യത്യാസമുണ്ടായെന്ന കാരണത്താലാണ് സസ്പെൻഡ് ചെയ്തത്. റൂട്ട് മാറ്റം കാരണം മന്ത്രിക്കു ബുദ്ധിമുട്ടുണ്ടായെന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. പള്ളിച്ചലിൽനിന്ന് കരമന, കിള്ളിപ്പാലം വഴി അട്ടക്കുളങ്ങരയിലെത്തി ഈഞ്ചയ്ക്കൽ ജംക്ഷനിൽനിന്നും ദേശീയപാത വഴി എറണാകുളത്തേക്കു പോകാനായിരുന്നു മന്ത്രിയുടെ ഓഫിസിന്റെ തീരുമാനം.