കളിക്കിടെ മൊബൈൽ നോക്കിയാൽ 20 ലക്ഷം പിഴ: നിയന്ത്രണങ്ങളുമായി പാക്ക് ക്രിക്കറ്റ് ബോർഡ്

ഇസ്‍ലാമബാദ്: ക്രിക്കറ്റ് താരങ്ങൾക്കുള്ള കരാറിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പിഴവുകൾക്കു കനത്ത പിഴയാണ് പിസിബി ചുമത്തിയിട്ടുള്ളത്. മത്സരങ്ങൾക്ക് വിലക്കും ഒപ്പം നേരിടേണ്ടി വരുമെന്നു കരാറിൽ പറയുന്നു. ബാബർ അസം ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ ഇതിനെ ചോദ്യം ചെയ്തെങ്കിലും അവരും ചെറിയ മാറ്റങ്ങളോടെ കരാർ ഒപ്പിട്ടെന്നാണ് വിവരം. അവരുടെ അഭിഭാഷകരുമായി സംസാരിച്ച ശേഷമാണ് ദേശീയ സീനിയർ ടീമിലെ കളിക്കാർ കരാറിൽ ഒപ്പിട്ടത്.

പുതിയ നിയമങ്ങൾ അനുസരിച്ച്, കളിക്കിടെ മൊബൈൽ നോക്കിയാൽ പിഴ 20 ലക്ഷമാണ്. ഓഫ്-ദി-ഫീൽഡ് ഇവന്‍റുകളിൽ ഡ്രസ് കോഡ് പാലിച്ചില്ലെങ്കിൽ കളിക്കാർ 25,000 മുതൽ ഒരു ലക്ഷം പാക്കിസ്ഥാനി രൂപ വരെ പിഴ നൽകണം. പരിശീലനം, ഇന്‍റർവ്യൂ തുടങ്ങിയവയിൽ ഡ്രസ് കോഡ് ലംഘിക്കപ്പെട്ടാൽ പിഴ ഇനിയും ഉയരും. 50,000 മുതൽ 3 ലക്ഷം രൂപ വരെയാണ് ക്രിക്കറ്റ് ബോർഡിന് നൽകേണ്ടത്. ഏതെങ്കിലും ഉൽപ്പന്നത്തിന്‍റെ പരസ്യത്തിന്‍റെ ഭാഗമാകുകയാണെങ്കിൽ, ബോർഡിൽ നിന്ന് മുൻകൂർ അനുമതി തേടേണ്ടതുണ്ട്. അല്ലാത്ത പക്ഷം 5 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ പിഴയടയ്ക്കേണ്ടി വരും.

ഈ പരസ്യങ്ങൾ ക്രിക്കറ്റ് ബോർഡിന്‍റെ സ്പോൺസർമാരെയോ പങ്കാളികളെയോ ഏതെങ്കിലും വിധത്തിൽ ബാധിക്കുകയാണെങ്കിൽ, അവർക്ക് അഞ്ച് മത്സരങ്ങൾ വരെ വിലക്ക് നേരിടേണ്ടിവരും. മത്സരങ്ങളിൽ ബോർഡ് അംഗീകൃത വസ്ത്രവും ലോഗോയും ധരിക്കാത്തതിന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും. അഞ്ച് മത്സരങ്ങളുടെ വിലക്കും ഉണ്ടാകും.