കോഴിക്കോട് വിമാനത്താവളം ; സ്ഥലം ഏറ്റെടുക്കൽ കഴിഞ്ഞാലുടൻ റൺവേ ബലപ്പെടുത്തൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായ ശേഷം റൺവേ റീ കാർപെറ്റിംഗ് ജോലികൾ ആരംഭിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതതല സംഘം തീരുമാനിച്ചു. നവംബറിൽ റീ-കാർപെറ്റിംഗ് ജോലികൾ നടത്താനായിരുന്നു നേരത്തെ നിർദ്ദേശമുണ്ടായിരുന്നത്.
റൺവേ അനുബന്ധ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്ന നടപടി ഡിസംബറോടെ പൂർത്തിയാക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനാൽ, ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയായാലുടൻ റൺവേ ബലപ്പെടുത്തുന്ന ജോലികൾ ആരംഭിക്കാമെന്ന് സംഘം ഇന്നലെ നിർദ്ദേശിച്ചു. ഇരുഭാഗങ്ങളിലും 90 മീറ്റര്‍ വീതമുള്ള റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ) 240 മീറ്ററാക്കി ദീര്‍ഘിപ്പിച്ചുള്ള വികസനം റീ കാര്‍പെറ്റിംഗ് ജോലിക്കൊപ്പം നടത്താനാകുമെന്നാണു കരുതുന്നത്. ഇത് പൂർത്തിയായാൽ വലിയ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൺവേ സെൻട്രൽ ലൈറ്റും സ്ഥാപിക്കും.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വികസന വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് ജിൻഡാൽ, എഞ്ചിനീയറിംഗ് വിഭാഗം ജനറൽ മാനേജർ ഈശ്വരപ്പ, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്‍റ് ജനറൽ മാനേജർ പ്രേം പ്രസാദ് എന്നിവരാണ് വിശദമായ പരിശോധനയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിമാനക്കമ്പനി അധികൃതരുമായും ചര്‍ച്ച നടത്തി. റൺവേ, സുരക്ഷാ പ്രദേശമായ റിസ, റൺവേ ചുറ്റുറോഡ് തുടങ്ങിയവ സംഘം സന്ദർശിച്ചു. രാവിലെ വിവിധ വകുപ്പു മേധാവികളുമായി ചർച്ച നടന്നതിനു ശേഷമായിരുന്നു സ്ഥലം സന്ദർശനം. സംഘം ഇന്നു മടങ്ങും.