ആദ്യ പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് വിദ്യാർത്ഥികളുടെ പ്രവേശനം 12ന് രാവിലെ 10 മുതൽ 13ന് വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കായി അനുവദിച്ച 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധനവ് ഉൾപ്പെടെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ 54,303 ഒഴിവുകളുണ്ട്. ആകെ 73,350 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 72,808 അപേക്ഷകളാണ് പരിഗണിച്ചത്.
ഓപ്ഷൻ ഇല്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 542 അപേക്ഷകൾ പരിഗണിച്ചിട്ടില്ല. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള സ്കൂൾ തല വേക്കൻസി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റിനായി 15-ന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം. അതിനുശേഷം അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കായി സപ്ലിമെന്ററി അലോട്ട്മെന്റും നടത്തും.