പോലീസിന്റെ വടംവലിയും കസേരകളിയും നടുറോഡിൽ; രൂക്ഷവിമർശനം

പുന്നയൂർക്കുളം: വടക്കേക്കാട് പോലീസിന്‍റെ ഓണാഘോഷം നടന്നത് പൊതുമരാമത്ത് റോഡിൽ. റോഡിൽ വടംവലിയും കസരേകളിയുമെല്ലാം പൊലീസ് നടത്തി. തൃശ്ശൂർ- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ തമ്പുരാൻപടി കണ്ടുബസാർ റോഡിലാണ് പൊലീസ് ആഘോഷം നടന്നത്.

പൊലീസ് സ്റ്റേഷൻ മുന്നിലെ റോഡിൽ വാഹനങ്ങൾ കടന്നുപോകുന്ന സമയങ്ങളിൽ നടക്കുന്ന ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും എസ്എച്ച്ഒ പുറത്തുവിട്ടിരുന്നു. ഇത് മറ്റുള്ളവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നതിനെ തുടർന്നാണ് വീഡിയോ നീക്കം ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് സ്റ്റേഷനിൽ ഓണാഘോഷം നടന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും സ്റ്റേഷനിൽ നടന്നു. ആഘോഷങ്ങൾക്ക് ശേഷം അതേ പൊലീസുകാർ തന്നെ കർശന വാഹന പരിശോധന നടത്തിയെന്നാണ് ആക്ഷേപം.