തെരുവ് നായ ആക്രമണങ്ങളെ നിസാരമായി കാണരുതെന്ന് ഐഎംഎ

ഡൽഹി: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആശങ്ക പ്രകടിപ്പിച്ചു. വാക്സിനേഷന്‍റെ അവസാന ഘട്ടം പൂർത്തിയാക്കാൻ സ്വീകരിച്ച രീതി ശരിയല്ലെന്നാണ് ഐഎംഎയുടെ വിമർശനം. പ്രശ്നത്തെ നിസ്സാരവത്കരിക്കാതെ നായ്ക്കളെ വന്ധ്യംകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഐഎംഎ മുൻ പ്രസിഡന്‍റ് പി സി സക്കറിയ പറഞ്ഞു.

കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ മരണമടഞ്ഞ അഭിരാമി എന്ന 12 വയസുകാരി മൂന്ന് വാക്സിനുകളും സ്വീകരിച്ചിരുന്നു. ഇതോടെ പേവിഷബാധയ്ക്കെതിരായ വാക്സിൻ ഒരു ചോദ്യചിഹ്നമായി മാറി. ഈ സാഹചര്യത്തിലാണ് ഐഎംഎയുടെ വിമർശനങ്ങളും ഉയരുന്നത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള വന്ധ്യംകരണ പ്രക്രിയ സംസ്ഥാനത്ത് എവിടെയും നടക്കുന്നില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആരോപിച്ചു.

വാക്സിൻ പഠിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിൽ മാത്രമേ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ.