വളക്കച്ചവടക്കാരനിൽ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനിലേക്ക്
മനസ്സിലെ ലക്ഷ്യത്തിന് വേണ്ടി എത്ര വേണമെങ്കിലും പരിശ്രമിക്കാൻ മടിയില്ലാത്ത, പ്രതിസന്ധികളോട് പോരാടി നിൽക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. അതിനൊരു ഉത്തമ മാതൃകയാണ് രമേഷ് ഖോലാപ് എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. ഉപജീവനത്തിനായി വളക്കച്ചവടം നടത്തി, തീർത്തും ദരിദ്രമായ ചുറ്റുപാടിൽ നിന്നാണ് ഭിന്നശേഷിക്കാരനായ ഇദ്ദേഹം സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ച് ഐഎഎസ് പദവിയിലെത്തിയത്.
മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മഹാഗാവ് സ്വദേശിയാണ് രമേഷ് ഖോലാപ്. അദ്ദേഹത്തിന്റെ പിതാവ് സൈക്കിൾ ഷോപ്പ് നടത്തിയിരുന്നു. എന്നാൽ കടുത്ത മദ്യപാനം മൂലം അച്ഛന്റെ ആരോഗ്യം വളരെ മോശമായതോടെ രമേഷിന്റെയും അമ്മയുടെയും ചുമലിലായി കുടുംബത്തിന്റെ ചുമതല. തൊട്ടടുത്ത ഗ്രാമങ്ങളിൽ വളക്കച്ചവടം നടത്തിയാണ് ഇവരുടെ അമ്മ വിമല ഖോലാപ് ഉപജീവനമാർഗം തേടിയത്. രമേഷും സഹോദരനും അമ്മയെ സഹായിക്കാൻ ഒപ്പം വളക്കച്ചവടത്തിന് പോകുമായിരുന്നു.
രമേഷ് ഖോലാപിന്റെ ഇടതുകാലിന് പോളിയോ ബാധിച്ചിരുന്നു. എന്നാൽതന്റെ ശാരീരികവും സാമ്പത്തികവുമായ ഈ പ്രതിസന്ധികളൊന്നും വിദ്യാഭ്യാസം നേടാൻ അദ്ദേഹത്തിന് തടസ്സമായില്ല. മഹാരാഷ്ട്രയിലെ ബർഷിയിൽ അമ്മാവനൊപ്പം താമസിച്ചാണ് രമേഷ് പഠനം തുടർന്നത്. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിന് ശേഷം അധ്യാപകനായി ജോലിക്ക് കയറി. പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനായി ഒരു തഹസിൽദാർ ആകാനായിരുന്നു രമേഷിന് ആഗ്രഹം. പിന്നീടാണ് സിവിൽ സർവ്വീസിൽ ചേരാൻ തീരുമാനിച്ചത്. അങ്ങനെ അമ്മ കടം വാങ്ങി നൽകിയ പണം കൊണ്ടാണ് യു.പി.എസ്.സി പരീക്ഷക്ക് തയ്യാറെടുക്കാൻ പോകുന്നത്. 2012ലാണ് രമേഷ് സിവിൽ സർവ്വീസ് പരീക്ഷ പാസ്സാകുന്നത്.