ഡൽഹിയിൽ റെക്കോർഡ് മഴ; വായു നിലവാരവും മെച്ചപ്പെട്ടു
ന്യൂഡല്‍ഹി: ഈ മാസം ഇതുവരെ ഡൽഹി നഗരത്തിൽ ലഭിച്ചത് 121.7 മില്ലിമീറ്റർ മഴ. ഒക്ടോബർ മാസത്തിൽ കഴിഞ്ഞ 16 വർഷത്തിനിടയിൽ ഏറ്റവും കൂടിയ രണ്ടാമത്തെ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റിൽ മൺസൂൺ സജീവമായിരുന്നപ്പോൾ ലഭിച്ചതിനേക്കാൾ (41.6 മില്ലിമീറ്റർ) മൂന്നിരട്ടി കൂടുതൽ മഴയാണ് ഈ മാസം ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഭിച്ച 122.5 മില്ലിമീറ്റർ മഴയുടെ റെക്കോർഡും തകരാൻ സാധ്യതയുണ്ട്. 2020, 2018, 2017 വർഷങ്ങളിൽ ഒക്ടോബർ മാസത്തിൽ നഗരത്തിൽ മഴ പെയ്തിരുന്നില്ല. 2017 ൽ 47.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഒക്ടോബറിലെ ശരാശരി മഴ 28 മില്ലിമീറ്ററാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാവിലെ 8.30 വരെ 74 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നീങ്ങിയ തെക്കുപടിഞ്ഞാറൻ മൺസൂൺ ശരാശരിയിലും താഴെയായിരുന്നു. സെപ്റ്റംബർ 29 ന്, മൺസൂൺ മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ, ഈ സീസണിലെ മൊത്തം മഴ 516.9 മില്ലീമീറ്റർ മാത്രമായിരുന്നു. നഗരത്തിലെ ശരാശരി മഴ 758.9 മില്ലിമീറ്ററാണ്. ശനി, ഞായർ ദിവസങ്ങളിൽ മഴ ലഭിച്ചതോടെ ഈ കുറവ് നികന്നു.
ശനിയാഴ്ച, നഗരത്തിലെ താപനില ശരാശരിയിൽ നിന്ന് 10 ഡിഗ്രി കുറവായിരുന്നു. ഇടതടവില്ലാതെ പെയ്യുന്ന മഴ നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം ഉയർത്തി. ഞായറാഴ്ച നഗരത്തിലെ കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസായിരുന്നു. ശനിയാഴ്ചത്തെ കൂടിയ താപനില 23.4 ഡിഗ്രി സെൽഷ്യസായിരുന്നു. 2011 ന് ശേഷം ഇതാദ്യമായാണ് ഒക്ടോബറിൽ പരമാവധി താപനില ഈ നിലവാരത്തിലെത്തുന്നത്. വരും ദിവസങ്ങളിലും താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് വിലയിരുത്തൽ. ഇന്നും നാളെയും പരമാവധി താപനില 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും.