സിനിമയില്‍ വനിതാ സംവിധായകര്‍ വന്നാല്‍ പ്രശ്‌നങ്ങൾ കൂടുമെന്ന് ഷൈന്‍ ടോം ചാക്കോ

വനിതാ സംവിധായകർ സിനിമയിലേക്ക് വന്നാൽ പ്രശ്നങ്ങൾ വർധിക്കുകയേ ഉള്ളൂവെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചോദിച്ചാൽ കൂട്ടുകാരികളെയല്ല കൂട്ടുകാരന്മാരെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയും. സ്ത്രീകളുടെ സാന്നിധ്യം വർദ്ധിക്കുമ്പോൾ സ്ത്രീകളുടെ പ്രശ്നങ്ങൾ കുറയുമെന്നാണെങ്കിൽ, അമ്മായിയമ്മ മരുമകൾ പ്രശ്നങ്ങൾ ആദ്യം ഇല്ലാതാകേണ്ടതല്ലേ എന്നും ഷൈൻ ചോദിച്ചു. ‘വിചിത്രം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷൈൻ വിവാദ പ്രസ്താവന നടത്തിയത്.

ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോളി ചിറയത്തിനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദ്യം ചോദിക്കുന്നതിനിടെയായിരുന്നു ഷൈനിന്‍റെ പ്രസ്താവന. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഷൈൻ ടോം ആദ്യം ചോദിച്ചത് മലയാള സിനിമയിൽ സ്ത്രീകൾ മാത്രമാണോ പ്രശ്നം നേരിടുന്നത് എന്നായിരുന്നു.

ആണുങ്ങൾക്ക് ഒരു പ്രശ്നവുമില്ലേ? എത്ര പുരുഷൻമാർ അഭിനേതാക്കളാകാൻ വരുന്നു? അവരിൽ വളരെ കുറച്ച് പേരല്ലെ ആകുന്നുള്ളൂ? സിനിമയിൽ എന്തിനാണ് സ്ത്രീ-പുരുഷ വ്യത്യാസം കൊണ്ടുവരുന്നത്? സംസാരിച്ച് സമയം പാഴാക്കാനാണോ? ഈ വിഷയത്തിൽ എത്ര വേണമെങ്കിലും തർക്കിക്കാം. എന്നാൽ, സ്ത്രീയും പുരുഷനും ഒരുപോലെയാകില്ലെന്നും ആ വ്യത്യാസം ഉണ്ടാകുന്നതാണ് നല്ലതെന്നും ഷൈൻ പറഞ്ഞു.