14 വർഷം മുൻപ് എവിടെ നിന്നോ എത്തിയ നായ; കഞ്ചിക്കോട് സ്റ്റേഷന് കാവലായി ബ്ലാക്കി
പാലക്കാട്: രാത്രി ഏഴു മണിയായി. കഞ്ചിക്കോട് സിഗ്നൽ മാറ്റത്തിനായി റെയിൽ പാളത്തിലേക്ക് പോകാൻ സമയമായി. ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരെ കാത്ത് പ്ലാറ്റ്ഫോമിൽ ഒരാൾ ഇരിക്കുന്നു, റെയിൽവേ ജീവനക്കാരുടെ സ്വന്തം ‘ബ്ലാക്കി’. കഞ്ചിക്കോട് സ്റ്റേഷനിലേക്ക് എവിടെ നിന്നോ വന്നെത്തിയ ഒരു നായയാണ് ബ്ലാക്കി. ഇപ്പോൾ അവൾ സ്റ്റേഷന്റെ കാവൽക്കാരിയാണ്.
ഓപ്പറേറ്റിംഗ് ഡിപ്പാർട്ട്മെന്റിൽ നാല് ജീവനക്കാരുണ്ട്. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരും. അവരിൽ ആരെങ്കിലും പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയാൽ, ബ്ലാക്കി ഉഷാറാകും. പരിശോധനയ്ക്കായി ടോർച്ച് വെട്ടത്തിന് മുന്നിൽ ഏകദേശം ഒരു കിലോമീറ്ററോളം നടക്കും. ബ്ലാക്കി ഒപ്പമുണ്ടെങ്കിൽ പിന്നെ ജീവനക്കാർക്കും ഭയമില്ല. സ്ത്രീകളാണ് ഒപ്പമുള്ളതെങ്കിൽ, ബ്ലാക്കിയുടെ ശ്രദ്ധ അൽപ്പം വർദ്ധിക്കും. ബ്ലാക്കി കൂടെയുള്ളതിനാൽ പൊതുവെ തിരക്ക് കുറവുള്ള കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രിയിൽ ജോലി ചെയ്യാൻ ഇവർക്കാർക്കും പേടിയില്ല.
കഞ്ചിക്കോട് റെയില്‍വേസ്റ്റേഷനില്‍ 14 വര്‍ഷങ്ങൾക്ക് മുമ്പാണ് ഒരു പട്ടിക്കുട്ടിയെത്തിയത്. കറുത്തരോമങ്ങള്‍ നിറഞ്ഞ അവളെ അന്നത്തെ ജീവനക്കാരാണ് ‘ബ്ലാക്കി’യെന്ന് വിളിച്ചത്. ഇന്ന് റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരുടെ എല്ലാമാണ് ബ്ലാക്കി. റെയില്‍വേ സ്റ്റേഷനിലെ എല്ലാ കാര്യങ്ങളും ബ്ലാക്കിക്ക് അറിയാമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഓരോ തീവണ്ടിയുടെയും സമയവും ഏതുപാളത്തില് വരുമെന്നും ബ്ലാക്കിക്ക് കൃത്യമായി അറിയാം.
ബിസ്കറ്റാണ് ബ്ലാക്കിയുടെ ഇഷ്ട ഭക്ഷണം. സ്റ്റേഷന്മാസ്റ്ററുടെ ഓഫീസിന് മുന്നിലെ ചുമരില്‍ ഒരു പെട്ടിക്കുതാഴെ ബ്ലാക്കിക്കുള്ള ബിസ്കറ്റ് എപ്പോഴും തയ്യാറാണ്. യാത്രക്കാർക്ക് ബ്ലാക്കിയെക്കൊണ്ട് ഒരു ശല്ല്യവുമില്ല. ബ്ലാക്കി ആരേയും ഉപദ്രവിക്കാറില്ല. അതേസമയം സ്ഥിരം യാത്രക്കാരിൽ ചിലർ ബ്ലാക്കിയുടെ ഫാൻസ് ആണ്.