നടുവേദനയിൽ വലഞ്ഞ് യാത്രികൻ: കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് സ്വിഫ്റ്റ് ജീവനക്കാർ
ചെങ്ങന്നൂര്‍: യാത്രാമധ്യേ നടുവേദനയനുഭവപ്പെട്ട യാത്രികനെ സമയം പാഴാക്കാതെ ആശുപത്രിയിലെത്തിച്ച് സ്വിഫ്റ്റ് ബസ് ജീവനക്കാർ.
തിരുവല്ലക്കും ചെങ്ങന്നൂരിനും മധ്യേ ബസ് കുറ്റൂർ പാലമിറങ്ങിയപ്പോഴുണ്ടായ കുലുക്കത്തിലാണ് പിൻ സീറ്റിലിരുന്നിരുന്ന ആറ്റിങ്ങൽ സ്വദേശി അബ്ദുൾ സലാമിന് നടുവേദന അനുഭവപ്പെടുന്നത്. കോഴിക്കോട് ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു സംഭവം. അബ്ദുൾ സലാം നടുവേദനയുടെ ചികിത്സയിലുമായിരുന്നു.
വേദന കൊണ്ട് കരഞ്ഞ യാത്രികന്റെ അവസ്ഥ മനസിലാക്കി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള കെ.എസ്. ആർ. ടി. സി സ്വിഫ്റ്റ് ബസ് പ്രധാന പാതയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് കുതിച്ചു .അഞ്ചു മിനിറ്റുകൾക്കുള്ളിൽ ജീവനക്കാർ അബ്ദുൾ സലാമിനെ ആശുപത്രിയിലെത്തിക്കുകയും ഡ്യൂട്ടി മാനേജർ ഷിജാർ നസീറിന്റെ നേതൃത്വത്തിൽ ചികിത്സ നൽകുകയും ചെയ്തു.