കോയമ്പത്തൂർ സ്ഫോടനം; മുബീൻ്റെ വീട്ടിൽ നിന്ന് ഡയറികൾ കണ്ടെടുത്തു
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഉക്കടം സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ 4 ഡയറികളും. കേസന്വേഷണത്തിൽ നിർണായകമായ നിരവധി സൂചനകളാണ് ഡയറിക്കുറിപ്പുകളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. മറ്റ് മതങ്ങളെക്കുറിച്ചുള്ള മുബീന്റെ കാഴ്ചപ്പാടുകളും സമീപകാലത്തായി രാജ്യത്ത് നടന്ന വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഡയറിയിലുണ്ട്.
ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളിൽ 76.5 കിലോഗ്രാം സ്ഫോടക വസ്തുക്കൾ, ഇലക്ട്രോണിക് സർക്യൂട്ടുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ ഉണ്ടായിരുന്നതായി എൻഐഎ പറയുന്നു. എന്നാൽ ഇതിന് പുറമേ, മതതീവ്രവാദ നിലപാടുകൾ കാണിക്കുന്ന ലഘുലേഖകളും ഡയറികളും ഉണ്ടെന്ന് ഇപ്പോൾ റിപ്പോർട്ടുണ്ട്. രാജ്യത്തെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ അടങ്ങിയ നാല് ഡയറികൾ കണ്ടെടുത്തു. പൗരത്വ ഭേദഗതി നിയമത്തോടും ഹിജാബ് നിരോധനത്തോടും കടുത്ത പ്രതികരണങ്ങളാണ് ഇതിൽ ഉള്ളതെന്നാണ് സൂചന. മറ്റ് മതവിശ്വാസങ്ങളെക്കുറിച്ചുള്ള കുറിപ്പുകൾ, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഫ്ലോ ചാർട്ടുകൾ മുതലായവയും ഉണ്ട്. ഇവയെല്ലാം പൊലീസ് എൻ.ഐ.എയ്ക്ക് കൈമാറി.
ശ്രീലങ്കയിലെ ഈസ്റ്റർ ദിന സ്ഫോടനങ്ങളുടെ സൂത്രധാരൻ സഫ്റൻ ഹാഷിമിനെ മുബീൻ മാതൃകയായി കണ്ടിരുന്നു. നിലവിൽ ഇയാളുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി സൂചനകളൊന്നുമില്ല. എന്നിരുന്നാലും, സഫ്റൻ ഹാഷിമുമായി ബന്ധപ്പെട്ട ആളുകളുമായി ബന്ധപ്പെടാൻ മുബീൻ ശ്രമിച്ചിരുന്നു.