കോൺഗ്രസിന്റെ ‘പൗര വിചാരണ’ പ്രക്ഷോഭം നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് നയിക്കുന്ന പൗരവിചാരണ പ്രക്ഷോഭം നാളെ (നവംബർ 3) ആരംഭിക്കും. പിണറായിയുടെ ദുർഭരണത്തിനെതിരെ ‘പൗര വിചാരണ’ എന്ന പേരിൽ നടക്കുന്ന സമരങ്ങളുടെ ആദ്യ ഘട്ടമെന്ന നിലയിൽ വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ എന്നിവർ വിവിധ ജില്ലകളിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും.

സർക്കാരിനെതിരായ പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ നവംബർ 20 മുതൽ 30 വരെ ദ്വിദിന വാഹന പ്രചാരണ റാലികൾ സംഘടിപ്പിക്കും. മൂന്നാം ഘട്ട സമരത്തിന്‍റെ ഭാഗമായി ഡിസംബർ രണ്ടാം വാരം സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ‘സെക്രട്ടേറിയറ്റ് വളയൽ’ സമരത്തിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും.