കെ ഫോൺ; സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനുള്ള 14,000 കുടുംബങ്ങളെ ഉടൻ തെരഞ്ഞെടുക്കും

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനുള്ള ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറു വീതം ആകെ 14,000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ നൽകുക.

സ്ഥലം എംഎൽഎ നിർദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളെ തെരഞ്ഞെടുക്കുക. കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവർഗ ജനസംഖ്യ കൂടുതലുള്ളതുമായ വാർഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം.

ഇന്റർനെറ്റ് സൗകര്യം എല്ലാവർക്കും ലഭ്യമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.