വാട്ട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജി വെച്ചു

ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇന്ത്യ തലവൻ അഭിജിത് ബോസ് രാജി വെച്ചു. കമ്പനിയുടെ ഉടമസ്ഥരായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാളും രാജി സമർപ്പിച്ചിട്ടുണ്ട്. മെറ്റ ഇന്ത്യ തലവൻ അജിത് മോഹനും നേരത്തെ രാജി വെച്ചിരുന്നു.

പുതിയ അവസരം തേടുന്നതിനാണ് രാജീവ് അഗർവാൾ രാജി വെച്ചതെന്ന് മെറ്റ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഭിജിത് ബോസിന്റെ തലവൻ വിൽ കാത്കാർട്ട് അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പറഞ്ഞു. പുതിയ സർവീസുകൾ തുടങ്ങാൻ അദ്ദേഹത്തിന്റെ സേവനം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അത് ഒരുപാട് ആളുകൾക്കും വ്യവസായ സംരംഭങ്ങൾക്കും ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവനാഥ് തുക്രാലിനെ മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി തലവനായും നിയമിച്ചു.