ഇന്ത്യൻ ഐടി സേവന വിപണി വളർച്ചയുടെ പാതയിൽ

ന്യൂഡല്‍ഹി: ഇന്‍റർനാഷണൽ ഡാറ്റാ കോർപ്പറേഷന്‍റെ(ഐ.ഡി.സി) റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഐടി സേവന വിപണി വളർച്ചയുടെ പാതയിൽ. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ വർഷം 7.4% വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഐഡിസിയുടെ ഏറ്റവും പുതിയ അർദ്ധ-വാർഷിക ട്രാക്കർ അനുസരിച്ച്, 2022ന്‍റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച് ഇന്ത്യൻ ആഭ്യന്തര ഐടി, ബിസിനസ് സേവന വിപണിയുടെ മൂല്യം 7.15 ബില്യൺ ഡോളറാണ്. ഇന്ത്യൻ വ്യവസായങ്ങളിൽ ഡിജിറ്റൽ പരിവർത്തന നിക്ഷേപങ്ങളുടെ തുടർച്ചയായ വർദ്ധനവാണ് വളർച്ചാ നിരക്കിലെ വർദ്ധനവിന് കാരണം.

ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത നിലനിൽക്കുമ്പോഴും ഇന്ത്യൻ ഐടി സേവന വിപണി ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. റഷ്യ-ഉക്രൈൻ സംഘർഷവും വിപണിയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിന് ഉൽപ്പന്ന വികസനത്തിനായി പ്രവർത്തിക്കുന്ന വിവിധ സംരംഭങ്ങൾ ഐടി സേവന നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് ഐഡിസി ഇന്ത്യയുടെ ഐടി സർവീസസ് സീനിയർ മാർക്കറ്റ് അനലിസ്റ്റ് ഹരീഷ് കൃഷ്ണകുമാർ പറഞ്ഞു.

2021ലെ ആദ്യ പകുതിയിലെ 7.3% വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ആദ്യ പകുതിയിൽ ഐടി വ്യവസായ മേഖല 8.1% വളർച്ചയാണ് നേടിയത്. വരും വർഷങ്ങളിൽ വളർച്ചാ നിരക്ക് ഉയരാനുള്ള സാധ്യതയുണ്ട്. 2026 അവസാനത്തോടെ ഐടി വ്യവസായ മേഖല 20.5 ബില്യൺ ഡോളർ വളർച്ച നേടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.