ഒറിയോൺ ചന്ദ്രനിൽ എത്തി; ഭൂമിയുടെ വിദൂര ദൃശ്യം അയച്ചു
ന്യൂയോർക്ക്: അഞ്ചു ദിവസത്തെ യാത്രയ്ക്കൊടുവിൽ, മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് അയക്കുന്നതിനു മുന്നോടിയായുള്ള ആർട്ടിമസ്-1 പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായുള്ള ഒറിയോൺ പേടകം ചന്ദ്രനിൽ എത്തി. ഇനി ഒരാഴ്ച ചന്ദ്രപഥത്തിൽ പഠനനിരീക്ഷണം നടത്തും. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.28നായിന്നു ഇത്. 128 കിലോമീറ്റർ അരികിൽവരെ എത്തിയ പേടകം നിശ്ചിത ഭ്രമണപഥത്തിലേക്ക് നീങ്ങി. ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങുംവരെ ഈ പഥത്തിലാണ് പേടകം ചന്ദ്രനെ ചുറ്റുക.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് പേടകത്തിന്റെ ചാന്ദ്രപ്രവേശം തുടങ്ങിയത്. ഭൂമിയിൽനിന്ന് മൂന്നര ലക്ഷത്തിലധികം കിലോമീറ്റർ പിന്നിട്ടപ്പോൾ പേടകത്തിലെ തന്നെ ത്രസ്റ്ററുകൾ നാലുതവണ ജ്വലിപ്പിച്ച് ചന്ദ്രനിലേക്ക് അടുപ്പിച്ചു. വൈകിട്ട് നാലോടെ പേടകം പൂർണമായി ചന്ദ്രന്റെ ആകർഷണവലയത്തിൽ പെട്ടു. സ്വയംനിയന്ത്രണ സംവിധാനങ്ങൾ വഴി വേഗവും പഥവും നിയന്ത്രിച്ചാണ് പേടകം തുടർന്ന് നീങ്ങിയത്. ചന്ദ്രന്റെ മറുപുറത്തെത്തിയതോടെ ഭൂമിയുമായുള്ള പേടകത്തിന്റെ ആശയവിനിമയം നിലച്ചു. അരമണിക്കൂറിനുശേഷമാണ് ഇത് പുനഃസ്ഥാപിക്കാനായത്. അതും ഭൂമിയുടെ വിദൂരദൃശ്യം ഭൂമിയിലേക്ക് അയച്ചുകൊണ്ട്.
പേടകത്തിന്റെ ഫ്ലൈബൈ വിജയകരമെന്ന് നാസ അറിയിച്ചു. ബഹിരാകാശ യാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് പരിശോധിക്കുക, പേടകത്തിനുള്ളിലെ ചലനവും അണുവികിരണ തോതും മനസ്സിലാക്കുക എന്നിങ്ങനെയുള്ള പഠനങ്ങൾക്ക് ശേഷം ഡിസംബർ ഒന്നിന് പേടകം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങും. 11ന് പസഫിക് സമുദ്രത്തിൽ നിയന്ത്രിച്ച് ഇറക്കും.