ഓർമ്മ പുതുക്കി,കഥപറഞ്ഞു ചിരിച്ചു! മനസ്സ് നിറച്ച് 80 വർഷം നീണ്ട സുഹൃദ്ബന്ധം
നീണ്ട വർഷങ്ങൾക്ക് ശേഷം രണ്ട് കൂട്ടുകാരികൾ കണ്ടുമുട്ടി.ഇരുവരുടെയും മുടി നരച്ചു,പ്രായമേറി.എന്നാൽ കഥകളും തമാശകളും പങ്കുവെച്ച് അവർ ഉള്ളു തുറന്നു ചിരിച്ചു.80 വർഷത്തെ സൗഹൃദത്തിന്റെ കഥയാണിത്.പ്രതിബദ്ധതയും,പരിശ്രമവും തന്നെയാണ് ഇത്തരത്തിലൊരു ദീർഘകാല സൗഹൃദത്തെ നിലനിർത്തിയത്.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മുകിൽ മേനോൻ എന്ന വ്യക്തിയാണ് ഈ സൗഹൃദദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗൃഹാതുരത്വം നിറയുന്ന ഇരുവരുടെയും ചിരിയും വർത്തമാനവുമെല്ലാം വീഡിയോയിൽ കാണാം.ഉറ്റസുഹൃത്തിനെ കാണണമെന്ന മുത്തശ്ശിയുടെ ഏറെക്കാലത്തെ ആഗ്രഹം അദ്ദേഹം നിറവേറ്റുകയായിരുന്നു.
80 വർഷത്തിലധികമായി ഇരുവരും ആത്മസുഹൃത്തുക്കളാണ്.അതിനാൽ പരസ്പരം കാണാൻ ഞാൻ അവർക്ക് അവസരം നൽകി. ഇങ്ങനെയാണ് അവർ കണ്ടുമുട്ടിയതും നൊസ്റ്റാൾജിയ പങ്കിട്ടതും എന്നുമുള്ള അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.