മെഡിക്കല്‍ കോളജിലെ സെമിനാറില്‍ പാമ്പുകളെ പ്രദര്‍ശിപ്പിച്ചു; വാവ സുരേഷിനെതിരെ കേസ്
കോഴിക്കോട്: വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡി.എഫ്.ഒ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് സംസാരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. പിന്നീട് മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചാണ് വാവ സുരേഷ് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വാവ സുരേഷ് ജീവനുള്ള വിഷപ്പാമ്പുകളെ ക്ലാസ് എടുക്കാൻ കൊണ്ടുവന്നിരുന്നു. ഇതും മെഡിക്കൽ കോളേജ് പോലൊരു സ്ഥാപനത്തിൽ പാമ്പ് പിടുത്തത്തിൽ ശാസ്ത്രീയ രീതികൾ സ്വീകരിക്കാത്ത സുരേഷിനെ ക്ലാസെടുക്കാൻ കൊണ്ടുവരികയും ചെയ്തത് വിമർശനത്തിന് ഇടയാക്കി.