രാജ്യത്ത് മൂന്ന് ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: രാജ്യത്ത് മൂന്ന് പുതിയ ദേശീയ ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി പ്രവർത്തനസജ്ജമാകുന്നു. ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എഐഐഎ), ഗാസിയാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ (എൻഐയുഎം), ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി (എൻഐഎച്ച്) എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തിന് സമർപ്പിക്കും.
പരമ്പരാഗത മെഡിക്കൽ സമ്പ്രദായങ്ങളിൽ ഗവേഷണവും അന്താരാഷ്ട്ര സഹകരണവും പുതിയ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും പൊതുജനങ്ങൾക്ക് കൂടുതൽ ആയുഷ് സേവനങ്ങൾ ലഭ്യമാക്കുമെന്നും ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. മൂന്ന് സ്ഥാപനങ്ങളിലായി 550 കിടക്കകൾ അധികമുണ്ടാകും. ആയുർവേദം, ഹോമിയോപ്പതി, യുനാനി എന്നിവയിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ 400 അധിക സീറ്റുകൾ സൃഷ്ടിക്കും. ഗോവയിലെ പാൻജിമിൽ ഒമ്പതാമത് ലോക ആയുർവേദ കോൺഗ്രസ് സംഘടിപ്പിക്കാൻ ആയുഷ് മന്ത്രാലയം സഹകരിക്കും.