സ്‌കൂള്‍ കായികോത്സവകിരീടം ചൂടി പാലക്കാട്; രണ്ടാം സ്ഥാനത്ത് മലപ്പുറം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവം കൊടിയിറങ്ങുമ്പോൾ തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻ പട്ടം സ്വന്തമാക്കി പാലക്കാട്. 32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുo അടക്കം 269 പോയിൻ്റാണ് പാലക്കാട് സ്വന്തമാക്കിയത്.

കായിക മേളയുടെ ആദ്യ മത്സരയിനത്തിൻ്റെ സ്വർണവും അവസാന മത്സരമായ സീനിയർ വിഭാഗം 400 മീറ്റർ റിലേയിലും സ്വർണവും കൊയ്‌താണ് പാലക്കാട് ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 149 പോയിൻ്റും മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 122 പോയിൻ്റുമാണ് നേടാനായത്.

സ്കൂളുകളുടെ പട്ടികയിൽ മലപ്പുറം കടകശേരിയിലെ ഐഡിയൽ ഇഎച്ച്എസ്എസ് ആണ് ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാന സ്കൂൾ കായികോത്സവത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറത്തുനിന്നും ഒരു സ്കൂൾ ചാമ്പ്യന്മാരാകുന്നത്.