കുഴഞ്ഞു വീണ അപസ്മാര ബാധിതനായ യാത്രികനെ ആശുപത്രിയിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി

കോട്ടയം: അപസ്മാര ബാധിതനായ യാത്രക്കാരന് വൈദ്യസഹായം നൽകാൻ ഒരു കിലോ മീറ്ററിലധികം ബസ് തിരികെ ഓടിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കഴിഞ്ഞ ദിവസം 12.15 ഓടെ യായിരുന്നു സംഭവം.

കാഞ്ഞിരപ്പള്ളി-എരുമേലി റൂട്ടിലോടുന്ന ബസ് കുളപ്പുറത്തെത്തിയപ്പോൾ എരുമേലി സ്വദേശിയായ യാത്രക്കാരൻ അപസ്മാര ലക്ഷണങ്ങളോടെ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനടി രോഗിക്ക് ചികിത്സ നൽകുന്നതിനായി ഒരു കിലോമീറ്റർ പുറകിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ബസ് പാഞ്ഞു.

നിലമ്പൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ ജയേഷ് ടി.കെ, ഡ്രൈവർ ഷബീർ അലി എന്നിവരാണ് യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാൻ ഇടപെട്ടത്. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതരും അറിയിച്ചു.