പാണ്ടികശാലയിലെ ഇരുളിൽ നിന്നും ജന്മനാട്ടിലേക്ക്; ഭീമദേവിക്ക് തുണയായി സാമൂഹിക പ്രവർത്തകർ
11 വർഷം നീണ്ട പാണ്ടികശാലയിലെ ഇരുൾ ജീവിതത്തിൽ നിന്നും ഭീമദേവി പുറപ്പെട്ടു, ജന്മനാടിന്റെ വെളിച്ചത്തിലേക്ക്. സാമൂഹിക പ്രവർത്തകനായ മുകേഷ്, ഭാര്യ ഭാവന ജെയ്ൻ എന്നിവർ ചേർന്നാണ് ഇവരെ സ്വന്തം നാടായ നേപ്പാളിലെത്തിക്കാൻ മുൻകൈ എടുത്തത്. 48 വർഷങ്ങൾക്ക് മുൻപാണ് വിവാഹശേഷം ഭീമദേവി കൊച്ചിയിലെത്തിയത്.
ഭർത്താവ് മരണപ്പെട്ടതോടെ ഒറ്റപ്പെട്ട അവർ മട്ടാഞ്ചേരിയിലെ പാണ്ടികശാലയിൽ ജോലി ചെയ്ത് വരുകയായിരുന്നു. ഭീമദേവിയുടെ അവസ്ഥ മാധ്യമശ്രദ്ധ നേടിയതിനെ തുടർന്നാണ് അവരെ ജന്മനാട്ടിലെത്തിക്കുന്നതിനായി സാമൂഹിക പ്രവർത്തകർ മുന്നോട്ട് വന്നത്. മുകേഷിനും, ഭാര്യക്കുമൊപ്പം തേവരയിലെ അഗതിമന്ദിരത്തിൽ നിന്ന് പുറപ്പെട്ട ഭീമദേവി ലക്നൗവിൽ വിമാനമിറങ്ങി. ശേഷം 140 കി.മീ അകലെയുള്ള ഗോണ്ടയിലേക്ക് കാർ യാത്ര.
നേപ്പാൾ അതിർത്തിയിൽ കാത്തുനിൽക്കുന്ന ബന്ധുക്കളുടെ കൈകളിൽ ഭീമദേവിയെ ഏൽപ്പിച്ച് സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും മടങ്ങുകയെന്ന് മുകേഷ് അറിയിച്ചു. പൊതുപ്രവർത്തകരായ മുജീബ് റഹ്മാൻ, എ.ജലാൽ എന്നിവരും ഭീമദേവിയെ യാത്രയാക്കാൻ എത്തിയിരുന്നു.