മകളിലൂടെ അവർ ലോകം കാണുന്നു! കാഴ്ചയില്ലാത്ത അച്ഛനും അമ്മക്കും തണലായി പെൺകുട്ടി
രക്ഷിതാക്കളും, കുട്ടികളും തമ്മിലുള്ള ആത്മബന്ധം അവർണ്ണനീയമാണ്. നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് പിന്നീട് സംരക്ഷണം നൽകുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്. ഇത്തരത്തിൽ കാഴ്ച ഇല്ലാത്ത അച്ഛനും, അമ്മക്കും വെളിച്ചമായി കൂടെ നിൽക്കുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
സ്കൂൾ യൂണിഫോം ധരിച്ച പെൺകുട്ടി മാതാപിതാക്കളോടൊപ്പം മുംബൈ മീരാ റോഡിലെ ഒരു കടയിൽ എത്തുന്നതാണ് വീഡിയോ. കാഴ്ചപരിമിതിയുള്ള അച്ഛനും അമ്മക്കും പെൺകുട്ടി പക്കോഡ എടുത്തു നൽകുന്നതും, കഴിക്കാൻ സഹായിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിലൂടെ മിത്ത് ഇന്ദുൽക്കർ എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇവരെ കണ്ട് തന്റെ മനസ്സ് നിറഞ്ഞെന്നും, മകളിലൂടെയാണ് ആ അച്ഛനും അമ്മയും ലോകം കാണുന്നതെന്നും വീഡിയോയുടെ കീഴെ കുറിച്ചിരിക്കുന്നു. മാതാപിതാക്കൾ നമ്മോടൊപ്പം ഉള്ളപ്പോൾ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആ പെൺകുട്ടി. 10 ലക്ഷം പേരാണ് വീഡിയോ കണ്ടത്. അവൾ ഒരു പോരാളിയാണെന്നും, ദൈവം അനുഗ്രഹിക്കുമെന്നുമുള്ള കമന്റുകളും ആളുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.