സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പരാമര്‍ശം; ഖാര്‍ഗെ മാപ്പുപറയണമെന്ന് ബിജെപി
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനും എംപിയുമായ മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടത്തിയ പരാമർശം രാജ്യസഭയിൽ ബഹളത്തിന് കാരണമായി. ഖാർഗെ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാൽ ഖാർഗെ ഈ ആവശ്യം നിരസിച്ചു.
തിങ്കളാഴ്ച ജയ്പൂരിലെ അൽവാറിൽ ഖാർഗെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ബി.ജെ.പിക്ക് ആരെയും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ കോൺഗ്രസിന് നിരവധി പേരെയാണ് നഷ്ടമായതെന്നും ഖാർഗെ പറഞ്ഞു. ഇതിനിടയിൽ നടത്തിയ പ്രയോഗമാണ് വിവാദത്തിലേക്ക് നയിച്ചത്.
രാജ്യത്തിനുവേണ്ടി നിങ്ങളുടെ വീട്ടിലെ നായയുടെയെങ്കിലും ജീവന്‍വെടിഞ്ഞിട്ടുണ്ടോ? എന്നിട്ടും അവർ രാജ്യസ്നേഹികളാണെന്ന് അവകാശപ്പെടുന്നു. ഇപ്പോൾ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ ഞങ്ങളെ രാജ്യദ്രോഹികൾ എന്ന് വിളിക്കുമെന്നും ഖാർഗെ പറഞ്ഞു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കോൺഗ്രസാണെന്നും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ ജീവത്യാഗം ചെയ്തെന്നും ഖാർഗെ പറഞ്ഞിരുന്നു.