പ്രധാനാധ്യാപിക വാക്ക് പാലിച്ചു; റെറ്റി ടീച്ചറെത്തിയത് 4 കുടുംബത്തിനുള്ള ആധാരവുമായ്
വരാപ്പുഴ : പ്രധാനാധ്യാപികയായി വിരമിച്ച റെറ്റി ടീച്ചർ ഒരിക്കൽ കൂടി തന്റെ സ്കൂളിലേക്ക് മടങ്ങിയെത്തി. നാല് കുടുംബങ്ങൾക്ക് തണലാകുന്ന നാല് ആധാരങ്ങൾ ബാഗിൽ കരുതിയായിരുന്നു ടീച്ചറുടെ വരവ്.
മെയ് 31ന് ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ വച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ, സ്വന്തമായി ഭൂമിയില്ലാത്ത നാല് കുടുംബങ്ങൾക്ക് താൻ ഭൂമി നൽകുമെന്ന ഉറപ്പ് സദസ്സിന് നൽകിയാണ് ടീച്ചർ മടങ്ങിയത്. ചേരാനല്ലൂർ, കൊടുവള്ളി, ആലങ്ങാട് എന്നിവിടങ്ങളിലുള്ള നാല് കുടുംബങ്ങൾക്ക് ഭൂമി ലഭിക്കുന്നതിനുള്ള ആധാരവുമായി മടങ്ങിയെത്തിയ ടീച്ചർ സ്കൂളിനും നാടിനും അഭിമാനമായി മാറി.
വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 26 വർഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ച ടീച്ചർ, നാല് വർഷം ചേരാനല്ലൂർ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ പ്രധാനാധ്യാപികയായിരുന്നതിന് ശേഷം വിരമിച്ചു. പാരമ്പര്യമായി ലഭിച്ച കുടുംബസ്വത്തും, സ്വന്തമായി വാങ്ങിയ ഭൂമിയുമാണ് 3 സെന്റ് വീതം നാല് കുടുംബങ്ങൾക്ക് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ എം.എൽ.എ ടി.ജെ. വിനോദ് ആധാരങ്ങൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് അധ്യക്ഷനായിരുന്നു.