മരണം മുന്നിൽ കണ്ടിട്ടും പിന്മാറിയില്ല; സൈക്കിളിൽ ലഡാക്ക് യാത്ര പൂർത്തിയാക്കി അഗ്രിമ

ഇടവിട്ടുള്ള കനത്ത മഞ്ഞുവീഴ്ച, അപ്രതീക്ഷിതമായെത്തുന്ന മണൽക്കാറ്റ്, മരണം പതിയിരിക്കുന്ന മലയിടുക്കുകൾ ഇവയെല്ലാം കടന്ന് അഗ്രിമ എന്ന പെൺകുട്ടി സൈക്കിളിൽ ലഡാക്ക് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി. മൂന്ന് ജോഡി വസ്ത്രങ്ങൾ, പമ്പ്, സൈക്കിൾ റിപ്പയർ ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ എന്നിവ മാത്രം കരുതിയായിരുന്നു യാത്ര.

ആർമിയിൽ നഴ്‌സ് ആയിരുന്ന പി.ആർ നായരുടെയും, സി.ആർ.പി.എഫിൽ കോൺസ്റ്റബിൾ ആയിരുന്ന രമ നായരുടെയും മകളായ അഗ്രിമ കഴിഞ്ഞ ജൂൺ 21 രാജ്യാന്തര യോഗാ ദിനത്തിലാണ് എറണാകുളത്ത് നിന്നും യാത്ര തിരിച്ചത്. ഡിഗ്രി പഠനത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട അഗ്രിമ യോഗയിലൂടെയാണ് അതിനെ മറികടന്നത്. പിന്നീട് ബയോടെക്നോളജിയിൽ ബിരുദം, മാർക്കറ്റിംഗ് മാനേജ്മെന്റിൽ എം.ബി.എ, യോഗ തെറാപ്പിയിൽ പി.ജി എന്നിവയും നേടി. ലഡാക്കിലെ ബുദ്ധസന്യാസിമാരിൽ നിന്ന് യോഗയുമായി ബന്ധപ്പെട്ട ക്ഷണം ലഭിച്ച അഗ്രിമ യാത്ര സൈക്കിളിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

നിരവധി സ്കൂളുകളും അഗ്രിമയെ സ്വീകരിച്ചു. 10 ദിവസം കൊണ്ടാണ് കേരളം കടന്നത്. കർണാടകയിലെ മഴ, സൈക്കിൾ പോലും പറന്ന് പോകുമെന്ന് കരുതിയ കാറ്റ്, രാജസ്ഥാനിലെ ചൂട്, എന്നിവയെല്ലാം താണ്ടി മണാലിയിലെത്തിയ ശേഷം 450 കിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ചു. സൈനിക സഹായവും ലഭിച്ചു. സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യരുതെന്ന ധാരണ തിരുത്തുക എന്ന ലക്ഷ്യവും യാത്രയുടെ പിന്നിലുണ്ടായിരുന്നു.