ജില്ലാ ജഡ്ജി ഇടപെട്ടു! രാജേഷിന്റെ വീട്ടിൽ വൈദ്യുതി എത്തും
എറണാകുളം : വീട്ടിൽ വെളിച്ചമെത്താൻ രാജേഷിന് ഇനി അയൽക്കാരന്റെ കരുണയ്ക്കായി കാത്തുനിൽക്കേണ്ട. ജില്ലാ ജഡ്ജിയുടെ ഇടപെടലിലൂടെ, നിർധന കുടുംബത്തിൽ വൈദ്യുതി എത്തും.
75 വയസ്സുള്ള രോഗിയായ അമ്മ, വിദ്യാർത്ഥികളായ മക്കൾ എന്നിവരടങ്ങുന്ന മുഴിക്കുളം ചെട്ടിക്കുളം ഏരിമ്മേൽ രാജേഷിന്റെ കുടുംബം വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതിനാൽ ബുദ്ധിമുട്ടിലായിരുന്നു. പ്രളയത്തിൽ തകർന്ന വീട് ബാങ്കിലെ കടം വീട്ടുന്നതിനായ് വിറ്റ രാജേഷ്, പുതിയ വീട് വച്ചെങ്കിലും അയൽക്കാരന്റെ സഹകരണമില്ലാത്തതിനാൽ വൈദ്യുതി ലഭിച്ചിരുന്നില്ല.
രാജേഷിന്റെ അവസ്ഥ മാധ്യമശ്രദ്ധ നേടിയതോടെയാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും, ജില്ലാ ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ സഹായവുമായെത്തിയത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം താലൂക്ക് പാരാ ലീഗൽ വോളന്റിയർമാരായ സി.ഡി.ജോസ്, ജിമ്മി മൈക്കിൾ എന്നിവർ സ്ഥലം സന്ദർശിച്ചു. വഴിക്ക് വീതി കുറവാണെങ്കിലും, വൈദ്യുത പോസ്റ്റ് ഇടാമെന്ന് കെ.എസ്.ഇ.ബി യും അറിയിച്ചു. വിശദ വിവരങ്ങൾ ആലുവ കോടതി വഴി ജില്ലാ ജഡ്ജിക്ക് സമർപ്പിക്കും.