ആന്‍റണി ന്യൂനപക്ഷവർഗീയത ഉള്ളിൽ താലോലിക്കുന്നയാൾ: കെ സുരേന്ദ്രൻ
കൊച്ചി: ക്ഷേത്രങ്ങളിൽ പോകുന്നവരെയും തിലകം ധരിക്കുന്നവരെയും മൃദുഹിന്ദുത്വത്തിന്‍റെ പേരിൽ അകറ്റിനിർത്തരുതെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എ കെ ആന്‍റണിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കാപട്യമാണ്.
ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച പാർട്ടിയാണ് കോൺഗ്രസ്. രാമക്ഷേത്ര നിർമ്മാണത്തിനെതിരെയാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചത്. രാമസേതു ഇല്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. മാറാട് തോമസ് ജോസഫ് കമ്മീഷന്‍റെ കണ്ടെത്തലുകളെ തള്ളിപ്പറഞ്ഞത് ആന്‍റണിയായിരുന്നു. പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ന്യൂനപക്ഷ വർഗീയതയെ ഉള്ളിൽ താലോലിക്കുന്ന വ്യക്തിയാണ് ആന്‍റണിയെന്നും സുരേന്ദ്രൻ പറഞ്ഞു. സി.പി.എമ്മും യു.ഡി.എഫും തമ്മിൽ വ്യത്യാസമില്ല. ഷുക്കൂർ കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്. അവർ ഒരു പരസ്പര സഹകരണ സംഘമായി പ്രവർത്തിക്കുന്നു. ലീഗ് എൽ.ഡി.എഫിലേക്ക് പോകും. യു.ഡി.എഫിലുള്ളപ്പോഴും ലീഗ് സി.പി.എമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.