സ്വദേശിവൽക്കരണം; പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വർഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വാർത്താ ഏജൻസിയായ മജ്ലിസ് ആണ് വാർത്ത ട്വീറ്റ് ചെയ്തത്.

പൊതുമേഖലയിലെ സമ്പൂർണ സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് വിദേശികൾക്ക് ജോലി നഷ്ടപ്പെടും. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയായേക്കും. അടുത്തിടെ ഇംഗ്ലീഷ് ഭാ​ഷാ ബി​രു​ധ​ദാ​രി​ക​ളാ​യ സ്വ​ദേ​ശി യുവതികൾ അധ്യാപകരായി ജോലി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ ധർണ നടത്തിയിരുന്നു.

ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് മന്ത്രാലയം പുതിയ നീക്കം നടത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ അധ്യാപകരുടെ കു​ത്തൊ​ഴു​ക്കാ​ണെ​ന്നും സ്വ​ദേ​ശി അ​ധ്യാ​പ​ക​രു​ടെ മ​തി​യാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പാ​ര്‍ല​മെ​ന്റ് അം​ഗ​ങ്ങ​ളും രം​ഗ​ത്തെത്തിയിരുന്നു.