സ്വദേശിവൽക്കരണം; പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: കുവൈറ്റിൽ സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന വിദേശ അധ്യാപകരെ അടുത്ത സാമ്പത്തിക വർഷം പിരിച്ചുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അൽ അദ്വാനി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. വാർത്താ ഏജൻസിയായ മജ്ലിസ് ആണ് വാർത്ത ട്വീറ്റ് ചെയ്തത്.
പൊതുമേഖലയിലെ സമ്പൂർണ സ്വദേശിവൽക്കരണം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് വിദേശികൾക്ക് ജോലി നഷ്ടപ്പെടും. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് തിരിച്ചടിയായേക്കും. അടുത്തിടെ ഇംഗ്ലീഷ് ഭാഷാ ബിരുധദാരികളായ സ്വദേശി യുവതികൾ അധ്യാപകരായി ജോലി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ ധർണ നടത്തിയിരുന്നു.
ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് മന്ത്രാലയം പുതിയ നീക്കം നടത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദേശ അധ്യാപകരുടെ കുത്തൊഴുക്കാണെന്നും സ്വദേശി അധ്യാപകരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളും രംഗത്തെത്തിയിരുന്നു.