മന്ത്രിയാവുന്നതില്‍ സന്തോഷം പങ്കുവെച്ച് സജി ചെറിയാൻ
തിരുവനന്തപുരം: മന്ത്രിയായി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പുറത്തായിരുന്നപ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയെന്നും സജി ചെറിയാൻ. ഗവർണറുടെ വിയോജിപ്പിനു മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പോടെയാണ് ഗവർണർ അംഗീകരിച്ചത്. വിഷയത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സർക്കാരിനും ആയിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു.
മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മന്ത്രിയുടെ മടങ്ങിവരവിന് ശക്തമായ വിയോജിപ്പോടെ ഗവർണർ അംഗീകാരം നൽകിയത്. നിരവധി നിയമവിദഗ്ധരിൽ നിന്ന് നിയമോപദേശം തേടുകയും സർക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കുകയും ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചത്.