പുതിയ നിറത്തിലും രൂപമാറ്റത്തിലും 2 വീൽ ഡ്രൈവ് ഥാർ ഉടൻ വിപണിയിൽ

കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്രയുടെ 2-വീൽ-ഡ്രൈവ് ഥാർ ഉടൻ കുറഞ്ഞ വിലയിൽ വിപണിയിൽ അവതരിപ്പിക്കും. ആദ്യ പ്രദർശനത്തിനു മുമ്പ് തന്നെ വാഹനത്തിന്‍റെ 2-വീൽഡ്രൈവ് പതിപ്പിന്‍റെ വിശദാംശങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. പുതിയ നിറങ്ങൾ ഉൾപ്പെടെ ആകർഷകമായ നിരവധി സവിശേഷതകളുള്ള ഒരു പാക്കേജാണ് ഥാർ 2 വീൽഡ്രൈവ് എന്നാണ് വാഹന പ്രേമികളുടെ വിശ്വാസം. 

എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോൺസ് എന്നീ പുതിയ നിറങ്ങൾ ഉൾപ്പെടുത്തിയതായും സൂചനയുണ്ട്. നിലവിൽ വിപണിയിലുള്ള വാഹനത്തിന്‍റെ അതേ സവിശേഷതകളും ട്രിമ്മുകളും 2-വീൽഡ്രൈവിന് ലഭിക്കുന്നു. ഡീസൽ മാനുവൽ, പെട്രോൾ ഓട്ടോമാറ്റിക് എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിലയുടെ കാര്യത്തിലും വളരെ ആകർഷകമായ പാക്കേജായിരിക്കും ഥാർ എന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ, രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ‘റഫ്റോഡർ’ വാഹനമായി ഥാർ മാറും. വാഹനത്തിന് ഓപ്പൺ ടോപ്പ് ലഭിക്കില്ലെന്നാണ് സൂചനകൾ. 

ഇത് ഒരു ഫുൾടൈം ഹാർഡ്-ടോപ്പ് മോഡൽ ആയിരിക്കും. 18 ഇഞ്ച് അലോയ് വീലുകൾ, ഇഎസ്പി, മോൾഡ്ഡ് ഫൂട്ട്സ്റ്റെപ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാകും. അതുപോലെ, പ്രീമിയം ഉപഭോക്താക്കൾക്ക് ഇലക്ട്രിക് ഒആർവി മിററുകൾ, ഫോഗ് ലാമ്പ്, പ്രീമിയം ടച്ച്സ്ക്രീൻ യൂണിറ്റ് എന്നിവയും ലഭിക്കും. നിലവിലെ മോഡലിലെന്നപോലെ റൂഫ്-മൗണ്ടഡ് സ്പീക്കറുകളും ഉണ്ടാകും. 2.0 ലിറ്റർ എം സ്റ്റാലിയൻ ടർബോ-പെട്രോൾ എഞ്ചിനാണ് ഈ മോഡലിന് കരുത്തേകുന്നത്, ഇത് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി കൂടി ചേരും. 150 എച്ച്പി പവറും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ വാഹനത്തിനു കഴിയും.