പ്രതിസന്ധികളെല്ലാം അവസാനിച്ചു; ആദിത്യ സുരേഷ് വീണ്ടും കലോത്സവ വേദിയിലെത്തി
കോഴിക്കോട് : കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അതിജീവിച്ച് കൊല്ലം ഏഴാം മൈൽ സ്വദേശി ആദിത്യ സുരേഷ് എച്ച്.എസ്.എസ് വിഭാഗം പദ്യംചൊല്ലൽ വേദിയിലെത്തി. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ നിന്നും ജീവനും, സംഗീതവും മുറുകെപിടിച്ചാണ് ആദിത്യയുടെ തിരിച്ചു വരവ്.
അസ്ഥികൾ പൊട്ടുന്ന ഓസ്റ്റിയോ ജനസസ് ഇംപെർഫെക്ട് എന്ന അപൂർവ ജനിതക രോഗാവസ്ഥയോടെ ജനിച്ച ആദിത്യ 4 വയസ്സുവരെ സംസാരിക്കുകയോ, എഴുന്നേറ്റിരിക്കുകയോ ചെയ്തിരുന്നില്ല. മകനെ ഒന്നു കെട്ടിപിടിച്ചാൽ പോലും എല്ലുകൾ പൊട്ടുന്ന അവസ്ഥയിലും അമ്മ രഞ്ജിനിയും, അച്ഛൻ ടി.കെ സുരേഷും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു.
4ആമത്തെ വയസ്സിൽ ആദ്യമായി ചുണ്ടനക്കിയ ആദിത്യ പ്രവേശിച്ചത് സംഗീതത്തിന്റെ ലോകത്തേക്കായിരുന്നു. പഠനത്തിനും, ചികിത്സക്കുമൊപ്പം സംഗീതവും അഭ്യസിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കോവിഡ് എത്തിയത്. എന്നാൽ അതിലൊന്നും തളരാതെ ഓൺലൈൻ ആയി സംഗീതപഠനം തുടർന്നു. കുന്നത്തൂർ വി.ജി.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യ.