വാടക വീട് ഒഴിയേണ്ടി വന്ന ദമ്പതികൾക്ക് സഹായവുമായി ജീവകാരുണ്യ സംഘടന; പുതിയ വീട് നൽകും

തൃശ്ശൂർ: കൊരട്ടിയിലെ വൃദ്ധദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് ജീവകാരുണ്യ സംഘടന. ഫിലോക്കാലിയ ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ ദമ്പതികൾക്ക് പുതിയ വീടും ലഭിക്കും. അടുത്ത മാസം ആദ്യം തറക്കല്ലിട്ട് മൂന്ന് മാസത്തിനകം വീട് നിർമാണം പൂർത്തിയാക്കുമെന്നും സംഘടന അറിയിച്ചു.

വാടക നൽകാനാകാതെ പെരുവഴിയിലായ വൃദ്ധദമ്പതികളുടെ അവസ്ഥ മാധ്യമശ്രദ്ധ നേടിയതോടെയാണ് ഇവർക്ക് താമസിക്കാൻ വീട് വച്ചു നൽകുമെന്ന് പഞ്ചായത്തും അറിയിച്ചത്. കൊരട്ടി സ്വദേശികളായ ജോർജ്, മേരി ദമ്പതികൾക്കാണ് വാടക നൽകാനാകാത്തതിനാൽ ഒഴിയേണ്ടി വന്നത്. മറ്റൊരു വീട് ശരിയാകുന്നത് വരെ സമയം തരണമെന്നാവശ്യപ്പെട്ടെങ്കിലും വീട്ടുടമ സമ്മതിച്ചില്ല.

വീട്ടുപകരണങ്ങൾ പുറത്ത് കൂട്ടിയിട്ട നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊരട്ടി പഞ്ചായത്ത് ദമ്പതികളുടെ പ്രശ്നത്തിൽ ഇടപെട്ടത്. ചാലക്കുടിയിൽ വീട് വച്ചു നൽകാമെന്ന് പഞ്ചായത്ത്‌ ഉറപ്പു നൽകി. കൊരട്ടി പഞ്ചായത്ത് മെമ്പർമാർ 1500 രൂപ വീതവും, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ കെ.ആർ. സുമേഷ് 1000 രൂപയും, പഞ്ചായത്ത്‌ അംഗം സത്യൻ 500 രൂപയും പ്രതിമാസം ദമ്പതികൾക്കായി നൽകുമെന്നും അറിയിച്ചു.