എംബാപ്പെയുടെ മുഖമുള്ള പാവക്കുട്ടി; മെസി അടുത്ത് നിൽക്കെ പരിഹസിച്ച് മാർട്ടിനസ്

ബ്യൂണസ് ഐറിസ്: ലോകകപ്പ് വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ പരിഹസിച്ച് അർജന്‍റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്. എംബാപ്പെയ്ക്കെതിരായ തമാശകളുടെ പേരിൽ നിരവധി തവണ വിവാദങ്ങൾക്ക് ഇരയായ മാർട്ടിനെസ് ഇത്തവണ എംബാപ്പെയുടെ മുഖമുള്ള പാവയുമായി തന്‍റെ വിജയം ആഘോഷിച്ച് വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
പി.എസ്.ജിയിൽ എംബാപ്പെയുടെ സഹതാരം ലയണൽ മെസി ഉൾപ്പെടെയുള്ളവർ അടുത്തുനിൽക്കുമ്പോഴാണ് എംബാപ്പെയുടെ മുഖവുമായി മാർട്ടിനെസിന്‍റെ വിവാദ ആഘോഷം.

അർജന്‍റീനയുടെ ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ ഡ്രസിംഗ് റൂമിൽ നടന്ന വിജയാഘോഷത്തിനിടെ എംബാപ്പെയെ ലക്ഷ്യമിട്ട് മാർട്ടിനെസ് നടത്തിയ പരാമർശം വിവാദമായിരുന്നു. “മരിച്ച എംബാപ്പെയ്ക്കായി നമുക്ക് ഒരു മിനിറ്റ് നിശബ്ദത പാലിക്കാം,” എന്നായിരുന്നു മാർട്ടിനെസിൻ്റെ വാക്കുകൾ.

അർജന്‍റീനയുടെ നിക്കോളാസ് ഒട്ടാമെൻഡിയാണ് അർജന്‍റീനയുടെ ആഘോഷങ്ങൾ ഡ്രസ്സിംഗ് റൂമിൽ നിന്ന് തത്സമയം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. താരങ്ങളുടെ നൃത്തത്തിനിടെയാണ് മാർട്ടിനെസ് എംബാപ്പെയെക്കുറിച്ച് പരാമർശം നടത്തിയത്. ലോകകപ്പ് ഫൈനലിൽ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ . ഷൂട്ടൗട്ടിൽ അർജന്‍റീന 4-2നാണ് ഫ്രാൻസിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയും എക്സ്ട്രാ ടൈമിൽ ഒന്നടിച്ച് മൂന്ന് ഗോളുകൾ വീതം നേടുകയും ചെയ്തതിനാൽ വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നിരുന്നു.