കാഴ്ചയില്ലാത്ത മകന്റെ കൈപിടിച്ച് ഒരച്ഛൻ; മണ്ണും മഴയും പറഞ്ഞുകൊടുത്ത് യാത്ര

കോട്ടയം: ഷിബുവിന്‍റെ തോളിൽ പിടിച്ച് റോഡിലൂടെ നടക്കുന്ന ഷിയാദിനെ കണ്ടാൽ ആരും അല്പനേരത്തേക്ക് നോക്കി നിന്നുപോകും. ഇരുമെയ്യും,ഒരു മനസ്സുമായാണ് അവരുടെ യാത്ര. ഒരു നിഴൽ പോലെ മുന്നിൽ നടക്കുന്ന വ്യക്തിയുടെ ഓരോ ചുവടും ചലനവും പിന്നാലെയുള്ളയാൾ പിന്തുടരുകയാണ്. അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട മകനെ വഴി നടത്തുന്ന ഒരച്ഛന്റെ സഞ്ചാരമാണിത്.

അറുപത്തിയൊന്നുകാരനായ അച്ഛൻ ഇരുപത്തിമൂന്നുകാരനായ മകനോടൊപ്പം നാടുമുഴുവൻ നടന്നു നീങ്ങുന്നതോടൊപ്പം തന്‍റെ മകനെ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുകയാണദ്ദേഹം. വഴിയോര വിശേഷങ്ങളെല്ലാം പറഞ്ഞു നൽകി മകനൊത്ത് 35 കിലോമീറ്ററാണ് ദിവസവും അദ്ദേഹം നടക്കുന്നത്.

എട്ട് വർഷം മുമ്പ് പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ഷിയാദിന്‍റെ ജീവിതം മാറിമറിഞ്ഞത്. ബൈക്കപകടത്തിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ് കണ്ണിലേക്കുള്ള ഞരമ്പുകൾ തകരാറിലായി. കാഴ്ച നഷ്ടപ്പെട്ട് നാല് വർഷത്തോളം ചികിത്സയും, വിശ്രമവുമായി വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടി വന്നു. ഇരുട്ടും,മനോവിഷമവും മൂലം മാനസിക നില പോലും തകരാറിലായ മകനെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് അദ്ദേഹം നടക്കാൻ കൊണ്ടുപോകുന്നത്. മകന്റെ കാലിടറാതെ, ധൈര്യം പകർന്നുകൊണ്ട് കൂടെ നടക്കുകയാണ് ഈ അച്ഛൻ.